This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറി, ഇറേന്‍ ഷോലിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറി, ഇറേന്‍ ഷോലിയോ

Curie, Irene Joliot (1897 - 1956)

ഇറേന്‍ ഷോലിയോ ക്യൂറി

നോബല്‍സമ്മാനിതയായ (1935) ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞ. കൃത്രിമ റേഡിയോ ആക്റ്റീവത കണ്ടുപടിച്ചതിന് ഇവര്‍ ഭര്‍ത്താവായ ഫ്രെഡറിക് ഷോലിയോ ക്യൂറിയുമൊത്ത് നോബല്‍സമ്മാനം പങ്കിട്ടു.

1897 സെപ്. 12-ന് മേരി ക്യൂറിയുടെയും പിയേര്‍ ക്യൂറിയുടെയും മകളായി പാരീസില്‍ ജനിച്ചു. ഔപചാരികസ്കൂള്‍ വിദ്യാഭ്യാസം ഇറേനു ലഭിച്ചിരുന്നില്ല. മാതാവില്‍ നിന്ന് ഭൗതികശാസ്ത്രവും പിതാവിന്റെ ശിഷ്യനായ പാള്‍ ലാങ്ഗെവിനില്‍ നിന്ന് ഗണിതശാസ്ത്രവും ബാപ്റ്റിസ്റ്റ് പിറിനില്‍ നിന്ന് രസതന്ത്രവും പഠിച്ച ഇറേന്‍ തുടര്‍ന്ന് സോര്‍ ബോണ്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധമുന്നണിയില്‍ റേഡിയോളജിസ്റ്റായി സേവനം അനുഷ്ഠിച്ചിരുന്ന ഇവര്‍ 1921-ല്‍ മാതാവിന്റെ റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയില്‍ പ്രവേശിക്കുകയും 1946-ല്‍ ഇതിന്റെ ഡയറക്ടറാവുകയും ചെയ്തു. 1937 മുതല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ പ്രൊഫസ റായും സേവനം അനുഷ്ഠിച്ചിരുന്നു.

1926-ല്‍ ഫ്രെഡറിക് ഷോലിയോ എന്ന ഭൗതികശാസ്ത്രജ്ഞനെ വിവാഹം കഴിക്കുകയും തന്റെ പേര് ഷോലിയോക്യൂറി എന്ന് മാറ്റുകയും ചെയ്തു. പാരിസില്‍ സയന്‍സ് ഫാക്കല്‍റ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഫ്രെഡറിക് ഷോലിയോയുമൊത്ത് അറ്റോമികഘടനയെ സംബന്ധിച്ചും കൃത്രിമ റേഡിയോ ആക്റ്റീവതയെ സംബന്ധിച്ചും പഠനങ്ങള്‍ നടത്തി. ബോറോണ്‍, അലുമിനിയം, മഗ്നീഷ്യം എന്നിവയുടെ അറ്റോമികകേന്ദ്രത്തിലേയ്ക്കു ആല്‍ഫാകണങ്ങള്‍ പായിച്ച് പരീക്ഷണങ്ങള്‍ നടത്തി N13, P30, S27, Al28 എന്നീ റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകള്‍ നിര്‍മിക്കാന്‍ സാധിച്ചു. കൃത്രിമ മൂലകാന്തരണം (transmutation) വഴി ലഭിച്ച ഈ ഐസോട്ടോപ്പുകളില്‍ ചിലവ ബീറ്റാവികിരണം നടത്തുന്നവയായിരുന്നു. ഈ ഗവേഷണങ്ങളുടെ ഫലങ്ങളിലൂടെയാണ് കൃത്രിമ റേഡിയോ ആക്റ്റീവത കണ്ടുപിടിക്കപ്പെട്ടത് (1934). ഈ പഠനങ്ങള്‍ക്ക് ഇറേന്‍-ഫെഡ്രറിക് ദമ്പതികള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചു.

യുറേനിയം ഭേദന(Fission)ത്തില്‍ ന്യൂട്രോണുകളുടെ പങ്കു സംബന്ധിച്ച പ്രധാന കണ്ടുപിടിത്തങ്ങളില്‍ ഒന്ന് ഇറേന്റേതാണ്. അമ്മയെപ്പോലെതന്നെ ശാസ്ത്രസന്താനങ്ങള്‍ക്കു ജന്മമേകാനും ഇറേനു കഴിഞ്ഞു. ഇവരുടെ മകള്‍ ഹെലനും മകന്‍ പാളും പ്രശസ്തരായ ഭൗതിക ശാസ്ത്രജ്ഞരാണ്. വിവിധരാജ്യങ്ങളിലെ അക്കാദമിക് സമിതികളില്‍ അംഗവും ലോകത്തെ അനവധി സര്‍വകലാശാലകളില്‍ നിന്നും ഓണററി ഡോക്ടറേറ്റുകളും ലഭിച്ചിട്ടുള്ള ഇറേന്‍ 1956 മാര്‍ച്ച് 17-ന് പാരിസില്‍ അന്തരിച്ചു.

(അജയ്കുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍